മെയ്‌ 13 ഞായര്‍ നടത്താനിരുന്ന പിറവം ബ്ലോഗേര്‍സ് മീറ്റ് ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചിരിക്കുന്നു.

പടുതോള്‍ മന


പവിത്രം സിനിമ മലയാളികള്‍ക്ക്‌ പെട്ടെന്ന്‌ മറക്കാന്‍ സാധിക്കില്ല. മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ചേട്ടച്ഛന്‍ എന്ന കഥാപാത്രത്തിന്റെ വീടും മലയാളിമനസ്സുകളില്‍ പതിഞ്ഞിരുന്നു. ചേട്ടച്ഛന്റെ ഈ എട്ടുകെട്ട്‌ പിറവം പാഴൂരുള്ള ഏറെ പൂരാതനമായ പടുതോള്‍ മനയാണ്‌. ആയിരത്തഞ്ഞൂറോളം വര്‍ഷത്തിന്റെ പാരമ്പര്യം അവകാശപ്പെടാനുള്ള മനയ്‌ക്ക്‌ ഒരുപാട്‌ കഥകള്‍ പറയാനുണ്ട്‌. 
പവിത്രത്തിന്‌ ശേഷം പല സിനിമകളിലും മനയുടെ ഭംഗി ക്യാമറകണ്ണുകള്‍ ഒപ്പിയെടുത്തു. സിനിമയിലൂടെയുള്ള പ്രശസ്‌തിക്ക്‌ പുറമേ മനയ്‌ക്കുള്ള ചരിത്ര പ്രാധാന്യം ഇവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസിലാകും. മനയുടെ മുന്‍ വാതിലിലുള്ള രാജാ രവിവര്‍മ്മയുടെ ചിത്രം മുതല്‍ ഇവിടുത്തെ വിശേഷങ്ങള്‍ തുടങ്ങുന്നു. ആലിലക്കണ്ണന്റെ ചിത്രമാണ്‌ വാതിലിലുള്ളത്‌. തെക്കിനിയില്‍ മനോഹരമായ ചിത്രത്തൂണുകളും, ഭിത്തിയില്‍ ചുമര്‍ ശില്‌പങ്ങളും ഉണ്ട്‌. ഇതില്‍ അനന്തശയനത്തിന്റെ ചുമര്‍ശില്‌പം ഏറെ മനോഹരമാണ്‌. തെക്കിനി ഇപ്പോള്‍ സ്വീകരണമുറികളില്‍ ഒന്നാണ്‌. 

കോമ്പാറ എന്ന പ്രാര്‍ത്ഥനാമുറി അതിഥിമുറിയായി. ഇതിന്റെ വാതിലുകള്‍ ശില്‌പഭംഗി വിളിച്ചോതുന്നു. പഴയരീതിയിലുള്ള കുളിമുറിയാണ്‌ മനയിലേത്‌. ഇതിന്റെ ഒരുവശത്ത്‌ ഒരു തൂണുണ്ട്‌. കുളിമുറിയിലെ അഴുക്കുവെള്ളം പോകുന്നതിനുള്ള പൈപ്പ്‌ ഇതിനുള്ളിലാണ്‌. പുറമേ നിന്നും നോക്കുന്നവര്‍ക്ക്‌ ഇത്‌ മനസിലാകില്ല. നടുക്കുള്ള മുറിയില്‍ ഇരിക്കാനായി സ്ഥിരമായി സ്ഥാപിച്ച ബെഞ്ചാണുള്ളത്‌. വായു സഞ്ചാരം ഏറെയുള്ള ഈ മുറിയിലെ വെളിച്ചം തടിയില്‍ തീര്‍ത്ത ജനാലകള്‍ കൊണ്ട്‌ നിയന്ത്രിക്കാന്‍ സാധിക്കും. 
കുടുംബക്ഷേത്രം മനയുടെ കിഴക്കാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. എല്ലാ വശത്തും ഉയര്‍ന്ന ഭിത്തികള്‍. ഇതിന്റെ ഒരു വശം ഇല്ലത്തേക്ക്‌ തുറക്കുന്നു. നാഗരാജാവാണ്‌ ക്ഷേത്രത്തിലെ പ്രതിഷ്‌ഠ. ആയിരത്തഞ്ഞൂറ്‌ വര്‍ഷമായി മനയില്‍ ആളുകള്‍ വസിച്ചിരുന്നുവെന്ന്‌ മനയിലെ ഗുപ്‌തന്‍ നമ്പൂതിരിപ്പാട്‌. ഇപ്പോഴുള്ള കെട്ടിടത്തിന്‌ അഞ്ഞൂറോളം വര്‍ഷമാണ്‌ പഴക്കം. കാര്യമായ പണികളൊന്നും മനയില്‍ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 
മനയുടെ രണ്ടു നടുമുറ്റത്തും തുളസിത്തറയും, പൂജയുടെ ആവശ്യങ്ങള്‍ക്കായുളള മറ്റു സസ്യങ്ങളും കാണാം. മനയിലെ വിശാലമായ വരാന്തയിലിരുന്നാല്‍ ദൂരെ നിന്നും വരുന്ന അതിഥിയെ കാണാം. മനയ്‌ക്ക്‌ പടിപ്പുരയില്ലെന്നതാണ്‌ മറ്റൊരു പ്രത്യേകതയെന്ന്‌ മനയിലെ പി.ജി.നാരായണന്‍ നമ്പൂതിരിപ്പാട്‌ പറയുന്നു. ഇതിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്‌. ശങ്കരാചാര്യരുടെ അമ്മയ്‌ക്ക്‌ മനയുമായി ബന്ധമുണ്ടെന്നാണ്‌ വിശ്വാസം. അവരുടെ അഭ്യര്‍ത്ഥനപ്രകാരമാണത്രെ മനയ്‌ക്ക്‌ പടിപ്പുര വേണ്ടെന്ന്‌ വെച്ചത്‌. 

മൂവാറ്റുപ്പുഴയാര്‍ മനയുടെ പിറകിലൂടെ കിഴക്കുവശത്തായാണ്‌ ഒഴുകുന്നത്‌. മനയില്‍ സ്‌ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യേകം കുളിക്കടവുകള്‍ കാണാം. പുരുഷന്മാരുടെ കുളുക്കടവില്‍ നിന്നാല്‍ ചരിത്രപ്രസിദ്ധമായ പാഴൂര്‍ ശിവക്ഷേത്രത്തിന്റെ ദര്‍ശനവും ലഭിക്കും.

സ്‌ത്രീകളുടെ കുളിക്കടവിന്‌ മറ്റൊരു പ്രത്യേകതയുമുണ്ട്‌. അടുക്കളയില്‍ നിന്ന്‌ നേരിട്ടിറങ്ങാന്‍ സാധിക്കുന്ന രീതിയിലാണ്‌ ഇതിന്റെ രൂപകല്‍പ്പന. ഈ പ്രത്യേകതകള്‍ പടുതോള്‍ മനയില്‍ മാത്രമുള്ളതാണെന്ന്‌ ഗുപ്‌തന്‍ നമ്പൂതിരിപ്പാട്‌ പറയുന്നു. പവിത്രം സിനിമയ്‌ക്കു ശേഷം ശ്യാമപ്രസാദിന്റെ 'അഗ്നിസാക്ഷി,' ജയറാമിന്റെ 'പൗരന്‍,' സൂരേഷ്‌ ഗോപിയുടെ 'ഉള്ളം,' ഏഷ്യാനെറ്റിലെ ഹൊറര്‍ സീരിയല്‍ 'നിഴലുകള്‍' എന്നിവയുടെ ഷൂട്ടിങിനും പടുതോള്‍ മന വേദിയായിട്ടുണ്ട്‌.

No comments:

Post a Comment